Friday, 25 April 2014

എന്റെ മോദി...... നിന്റെ രാഹുല്‍! ആരുടെ ഭാരതം ?


‘ഒരു ചെറുകാറ്റെങ്ങും വന്നു പോയാല്‍...’ എന്നാണു കവി പാടിയത്‌. എന്നാല്‍ വലിയ രാക്ഷസ കാറ്റാണു വന്നത്‌... കവിതയിലെപ്പോലെ പൂമഴ പെയ്‌തില്ല, പൂമഴ പെയ്യിച്ചു... 
ലോകത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു മാമാങ്കം പകുതി ദൂരം പിന്നിട്ടപ്പോള്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയായി. ആരൊക്കെയോ കൂടി പകുത്തെടുക്കാനൊരുമ്പെടുകയാണ്‌ രാജ്യത്തെ. വികസനം, ആരോഗ്യം, ഭക്ഷണം, വീട്‌, തൊഴില്‍ എല്ലാ അവകാശമാക്കുമെന്ന വാഗ്‌ദാനങ്ങള്‍ കാറ്റിനൊപ്പം പറന്നു.

കാറ്റേ, കാറ്റേ.... മോദിക്കാറ്റേ...
വ്യാഴാഴ്‌ച ഗംഗാ തീരത്തലച്ച ചൂടി കാറ്റിന്‌ മോദിയെന്നു പേര്‍. മേയ്‌ 16 ന്‌ ഉച്ചയോടെ ഒടുങ്ങിയേക്കും. സ്വപ്‌നം കണ്ടത്ര സീറ്റുകള്‍ നേടാനായാല്‍ കാറ്റൊന്ന്‌ അടങ്ങിയെന്നു വരും. ഇപ്രവചിച്ചതിനൊക്കെ വിപരീതമായാണ്‌ ഫലമെങ്കിലോ  അടുങ്ങുമോ, അതോ വീണ്ടും ആഞ്ഞടിക്കുമോ  ചിലരിലെങ്കിലും ആശങ്കയുണ്ടാവില്ലേ

വാരാണസി എന്തു പറയും
കാശിപ്പട്ടണം ഇപ്പോളൊന്നും പറയുന്നില്ല, എല്ലാം കേള്‍ക്കുകയാണ്‌. അവര്‍ പ്രതികരിക്കും, മേയ്‌ 12 ന്‌. അവരുടെ പ്രതികരണം എന്തെന്ന്‌ അതിനു നാലു ദിവസങ്ങള്‍ക്കു ശേഷം അറിയാം.
വാരാണസിയില്‍ രണ്ടു ഫലങ്ങള്‍ക്കാണു സാധ്യത. ഒന്നുകില്‍ മോദി ജയിച്ചേക്കാം. അല്ലെങ്കില്‍, ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്തിനെ വീഴ്‌ത്തിയ അരവിന്ദ്‌ കേജ്‌രിവാള്‍ അതികായനെ വീഴ്‌തിയെന്ന അഹങ്കാരത്തോടെ പൊട്ടിച്ചിരിച്ചേക്കാം..... ഹേയ്‌ മൂന്നാമതൊരു സാധ്യതയ്ക്കു തീരേ സാധ്യതയില്ലന്നേ...

വാരാണസിയില്‍ തോറ്റാല്‍ 
വാരാണസിക്കു പുറമേ ഗുജറാത്തിലെ വഡോദരയിലും മോദി മല്‍സരിക്കുന്നുണ്ട്‌. യുപിക്കാരുടെ പിന്തുണ ഉറപ്പിക്കാനാണ്‌ വാരാണസിയിലെ മല്‍സരമെന്നു പാര്‍ട്ടി ബുദ്ധിജീവികള്‍ പറയുന്നു, ആവാം. എന്നാല്‍, വാരാണസിയില്‍ നിലം പതിച്ചാല്‍ പ്രധാനമന്ത്രി പദത്തിലേക്ക്‌ അദ്ദേഹമുണ്ടായേക്കില്ല.

വഡോദരയില്‍ ഉപതിരഞ്ഞെടുപ്പ്‌
വാരണസിയില്‍ തോറ്റാല്‍ വിജയം ഉറപ്പിച്ച വഡോദര സീറ്റ്‌ അദ്ദേഹം വച്ചൊഴിയും. അപ്പോള്‍ അടുത്ത ആറു മാസത്തിനിടെ അവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പ്‌. എന്‍ഡിഎ മുന്നണിക്കു ഭൂരിപക്ഷവും മോദി വാരാണസിയിലും തോറ്റാല്‍, മറ്റൊരു ബിജെപി നേതാവിനെ പ്രധാനമന്ത്രി കസേരയില്‍ കാണാം. ഇപ്പോ പറയുന്ന ഞങ്ങളൊന്നാണേ എന്ന മുദ്രാവാക്യമൊന്നും അപ്പോ കാണില്ല.
മോദി രണ്ടിടത്തും ജയിച്ചാലും വഡോദരയുടെ ഗതി ഉപതിരഞ്ഞെപ്പു തന്നെയാകും. കാരണം 80 സീറ്റുള്ള യുപിക്കൊപ്പം നില്‍ക്കാനാകും മോദിയിലെ നേതാവിന്‌ ഇഷ്‌ടം. അപ്പോഴും വഡോദരേ നിനക്കു മോദി വിട പറയും. ആറു മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പും.

രാഹുല്‍ തോല്‍ക്കില്ലല്ലോ 
ഇല്ലെന്ന്‌ എതിരാളികളും പറയുന്നു. എഎപിക്കാര്‍ മാത്രമാണ്‌ രാഹുല്‍ ഇക്കുറി ലോക്‌സഭ കാണില്ലെന്നു പറയുന്നത്‌. പാര്‍ട്ടി ഉപാധ്യക്ഷനെ എന്തു വിലകൊടുത്തും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കും, ഉറപ്പാണ്‌. എന്നിട്ടും വിജയിക്കാനായില്ലെങ്കില്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ജീവിതം അല്‍പകാലത്തേക്കെങ്കിലും തിരശീലയ്ക്കു പിന്നിലേക്കു പോകുമെന്നതില്‍ സംശയം വേണ്ട.

ഇനിയും പറയാന്‍ ഏറെയുണ്ട്‌. അവ നാളെ......

ജോക്‌ നെറ്റ്‌വര്‍ക്കിന്റെ വാര്‍ത്താ വിശകലനം ഇഷ്‌ടപ്പെട്ടെങ്കില്‍ അഭിപ്രായം രേഖപ്പെടുത്തുക. 

No comments:

Post a Comment